India Kerala

വരുംദിവസങ്ങളില്‍ തുലാവര്‍ഷം കനക്കും; ഇടിമിന്നലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീഷണിയും, 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ തുലാവര്‍ഷം കനക്കും. 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ശക്തമായ തുലാമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ച തിരിഞ്ഞ് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ രാത്രിയാത്രകള്‍ ഒഴിവാക്കണം. ഇന്ന് എല്ലാ ജില്ലകളിലും ഞായറാഴ്ച കാസര്‍കോഡ് ഒഴികെ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. മഴ 22 വരെ തുടരും. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടകാരിയാണ്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് സാധ്യത. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തി. ഇന്നലെ രാത്രി 10 മണിയോടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് സുന്ദരന്‍ കോളനിയില്‍ ഇന്നലെ അര്‍ധരാത്രി വെള്ളം കയറി. മുക്കൈ പുഴ, കല്‍പ്പാത്തിപുഴ , ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.