India Kerala

ബുധനാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്. മലപ്പുറം,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാലാണ് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തീവ്രമായ മഴ പ്രവചിക്കപ്പെടുന്ന വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി വരെ പൊഴിയൂർ മുതൽ കാസര്‍കോട് വരെയുള്ള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മഴക്കെടുതിയില്‍ ഇതുവരെ അഞ്ച് പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.