സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരും.
ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്നും കേരളത്തിൽ കനത്ത മഴക്ക് കാരണമാകും. നാളെയോടെ മഴ കുറയുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും. രാത്രിയിലും മിക്ക ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. കണ്ണൂരിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്. 16 സെന്റീമീറ്റര്‍.
ഈ മാസം 1 മുതൽ ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി, വയനാട് ജില്ലകളിലാണ്. ഇടുക്കിയിൽ ഇക്കാലയളവിൽ 722 മില്ലീമീറ്റർ മഴയാണ് പെയ്തത്. വയനാട്ടിൽ 716 മില്ലീമീറ്റർ മഴയും ലഭിച്ചു. ഏറ്റവും കുറവ് മഴ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കൂടുകയാണ്. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അതേസമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടുന്നത് മുന്നില്‍ കണ്ട് എല്ലാ മുന്‍കരുതലുകളും എടുത്തതായി ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന് മീഡിയവണിനോട് പറഞ്ഞു.