India Kerala

കേരളത്തില്‍ മഴ കനക്കുന്നു; പലയിടങ്ങളിലും രൂക്ഷമായ കടലാക്രമണം,വീടുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് പലഭാഗത്തും രൂക്ഷമായ കടലാക്രമണം. ആലപ്പുഴയിലും പൊന്നാനിയിലും തൃശൂരും നിരവധി വീടുകള്‍ തകര്‍ന്നു. കനത്ത മഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കാസര്‍കോട് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മണിയാര്‍ ഡാമും അരുവിക്കര ഡാമും തുറന്നു. കോട്ടയത്ത് ഒഴുക്കില്‍പെട്ട് ഒരാളെ കാണാതായി. മഴ കനത്തതോടെ സംസ്ഥാനത്ത് കടലാക്രമണവും രൂക്ഷമാവുകയാണ്. പൊന്നാനിയിൽ കടലാക്രമണത്തിൽ പതിനഞ്ചു വീടുകൾ ഭാഗീകമായി തകർന്നു. തിരൂരിൽ അഞ്ചു വീടുകൾക്ക് നാശ നഷ്ടമുണ്ടായി. ആലപ്പുഴ ആറാട്ടുപുഴ നല്ലാണിക്കല്‍ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

തൃശൂര്‍ ഏറിയാട് കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കോട്ടയത്ത് കനത്ത മഴ തുടരുകയാണ്. കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിടങ്ങൂരിൽ കാവാലിപ്പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറത്ത് വെള്ളം കയറി. അമ്പലത്തില്‍ വെള്ളം കയറിയെങ്കിലും മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. മഴയില്‍ ഇടുക്കി ഇഞ്ചത്തൊട്ടി പകുതിപ്പാലത്ത് പാറ അടന്ന് വീണ് കൃഷിനാശം ഉണ്ടായി. കനത്ത മഴയെത്തുടര്‍ന്ന് മണിയാര്‍ ഡാമും അരുവിക്കര ഡാമും തുറന്നു. ഡാമുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.