സംസ്ഥാനം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
കേരളം ഇനി ചുട്ടുപൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കും. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലകളില്‍ ഈ മാസം അഞ്ചിന് എട്ട് ശരാശരിയില്‍ നിന്ന് എട്ട് ഡിഗ്രിയിലധികം ചൂട് കൂടും. സൂര്യാഘാതം ഒഴിവാക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി മുന്നോട്ടു വയ്ക്കുന്നത്. രാവിലെ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ കയ്യില്‍ എപ്പോഴും കുടിവെള്ളം കരുതണം. അയഞ്ഞ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്