Kerala

മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് ചോദിച്ചത് രണ്ട് തവണ; കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ടിന്റെ കത്ത് അവഗണിച്ച് ആരോഗ്യ വകുപ്പ്. മാതൃ-ശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ഡോ. പ്രഭുദാസ് രണ്ട് തവണയാണ് കത്ത് നൽകിയത്. ഡോക്ടർ പ്രഭുദാസ് സർക്കാരിന് നൽകിയ കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( health ministry ignored kottathara tribal hospital )

നാലാം നിലയിലെ വാർഡിലേക്ക് ലിഫ്റ്റ് നിർമ്മിക്കാൻ ഫണ്ട് തേടിയത് കഴിഞ്ഞ മാർച്ചിലാണ്. അനുബന്ധ ഉപകരണങ്ങൾക്കായി കഴിഞ്ഞ സെപ്തംബറിലും കത്ത് നൽകി. എൻഎച്ച്എമ്മിൽ നിന്ന് ലഭിച്ച 32 ലക്ഷം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാൽ ഈ രണ്ട് കത്തുകളും ആരോഗ്യ വകുപ്പ് അവഗണിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വാർഡിന്റെ നവീകരണം നടത്താൻ സാധിച്ചില്ല. വാർഡിന്റെ പ്രവർത്തനം തുടങ്ങാൻ തടസമായത് ഫണ്ടിന്റെ അപര്യാപ്തതയാണെന്നാണ് ആരോപണം.

വാർഡ് പ്രവർത്തന ക്ഷമമാകാതെ ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. മാതൃശിശു വാർഡ് സജ്ജമാക്കിയ സർക്കാർ അംഗീകൃത ഏജൻസി ARTCOയ്ക്കും പണം നൽകിയില്ല.

നേരത്തെ ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് ഡോ പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് ഡോ പ്രഭുദാസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേൾക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്തമാക്കി.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഞാൻ വിശദീകരിക്കേണ്ടത് ഞാൻ തന്നെ പറയേണ്ടതാണ്. തന്റെ കൈയ്യിൽ എല്ലാ രേഖകളുമുണ്ടെന്നും അതിനാൽ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈറിസ്‌ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാൻ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തിയത്.