India Kerala

കേരളത്തില്‍ കോവിഡ് 19 ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് 19 ഭീതി ഒഴിഞ്ഞുവെന്ന് പറയാനാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ജാഗ്രത തുടരുന്നതിനായി രണ്ടാംഘട്ട നിരീക്ഷണം ആരംഭിച്ചു. നിലവില്‍ 411 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് 19 ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും മറ്റ് രാജ്യങ്ങളില്‍ രോഗം പടരുന്നതിനാല്‍ നിരീക്ഷണം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ജനങ്ങളില്‍ ജാഗ്രതയുണ്ടാക്കുന്നതിന് ബോധവത്കരണം ശക്തമാക്കും. വിമാനത്താവളങ്ങളില്‍ മൂന്ന് ഷിഫ്റ്റായി ഉദ്യോഗസ്ഥരെ തിരിച്ച് പരിശോധന നടത്തും. ആറ്റുകള്‍ പൊങ്കാല മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഹൈ റിസ്‌കില്‍ വരുന്ന ആള്‍ക്കാരെ മാത്രമേ മാറ്റിനിര്‍ത്തേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിലായി 411 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 388 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. സംശയാസ്പദമായവരുടെ 520 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 494 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

ലോകത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ചൈന, ഇറാന്‍, ഇറ്റലി, ഹോങ്‌കോങ്, സൗദി അറേബ്യ, ദുബൈ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ വിവരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഇത്തരം രാജ്യങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു. കോവിഡ് 19മായി ബന്ധപ്പെട്ട് ആറു പേര്‍കൂടി കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തില്‍. നാലു പേര്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. ജില്ലയിലാകെ പതിമൂന്ന് പേരാണ് നിരീക്ഷണത്തിലുള്ളതെന്നും ഡിഎംഒ അറിയിച്ചു.