Kerala

വെള്ളപ്പൊക്കം; ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനോടകം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അന്നന്ന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും പ്രദേശത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ 9946102865 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും,രോഗ തീവ്രത റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും എലിപ്പനി രോഗവ്യാപനം തടയുന്നതിനായി രോഗ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. എലിപ്പനി തടയാന്‍ ‘ഡോക്‌സി ഡേ’ ക്യാമ്പയിനുകള്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കാനും തീരുമാനമായി.