Kerala

കായംകുളത്തും പഴകിയ പഴകിയ ഭക്ഷണം കണ്ടെത്തി; ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. നഗരത്തിലെ ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ഇതിൽ വൃത്തിഹീനമായ ചുറ്റുപാടിൽ കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷം ആരോഗ്യ വിഭാഗത്തിന് തൃപ്തികരമെന്നു തോന്നിയാൽ മാത്രം തുറന്നു പ്രവർത്തിക്കുവാൻ ഇതിന് അനുമതി നൽകും.

ന്യൂഡിൽസ്, ബിരിയാണി, പാചകം ചെയ്യുവാനായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം, ഇറച്ചി കറികൾ, മീൻ കറികൾ, മറ്റു പലഹാരങ്ങൾ എന്നിവയാണ് പിടികൂടിയതെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു.

അതേസമയം നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും തരംതിരിക്കാൻ സ‍ര്‍ക്കാര്‍ ഒരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു. ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനയും ഓപ്പറേഷന്‍ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.