Kerala

ബസ് ചാർജ് കുറച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു

ബസ് ചാർജ് കുറച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസുടമകൾ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. കൂട്ടിയ ബസ് നിരക്ക് ഉടമകൾക്ക് ഈടാക്കാം.

ബസ് ചാർജ് കുറച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബസുടമകൾ നല്‍കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം. സര്‍ക്കാര്‍ പുതിയ ഉത്തരവ് പ്രഖ്യാപിക്കും വരെയാണ് സ്റ്റേ. സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം. ലോക്ഡൗണ്‍ കാലത്തേക്കായിരുന്നു ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മിനിമം ചാര്‍ജ് 12 രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ലോക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ അധിക നിരക്ക് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. നിരക്ക് പിന്‍വലിച്ചതിന് പിന്നാലെ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കോവിഡ് നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് കാണിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിയിരുന്നു. മിക്ക ജില്ലകളിലും വിരലിലെണ്ണാവുന്ന അത്രയും ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തിയത്.

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് പഴയ നിലയിലേക്ക് ആക്കിയതോടെയാണ് നേരത്തെ നാമമാത്രമായെങ്കിലും സര്‍വീസ് നടത്തിയിരുന്നവരിലെ ഭൂരിഭാഗവും കൂടി നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങിയത് . വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഒരു വിഭാഗം തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തി. കല്‍പറ്റയില്‍ സര്‍വീസ് നടത്തിയ ബസുകള്‍ തടഞ്ഞതോടെ അവരും പിന്‍വാങ്ങി. പാലക്കാട് രണ്ട് ദിവസമായി സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിട്ട്. അതിനിടെ കെ.എസ്.ആര്‍.ടി.സി ഇന്ന് ചില ജില്ലകളില്‍ കൂടുതല്‍ സര്‍വീസ് നടത്തി. അന്തര്‍ ജില്ലാ സര്‍വീസുകള്‍ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് ഇപ്പോഴും കെ.എസ്.ആര്‍.ടി.സി നടത്തുന്നത്.