കേരള പൊലീസിന്റെ ഡേറ്റാബേസ് സ്വകാര്യ സ്ഥാപനത്തിന് തുറന്നു നൽകരുതെന്ന് ഹൈക്കോടതി. പാസ്പോർട്ട് പരിശോധനയുടെ പേരിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് വിവരങ്ങൾ നൽകുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
കേരള പൊലീസിന്റെ കൈവശമുള്ള ക്രൈം ഡാറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ തീരുമാനമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പാസ്പോർട്ട് പരിശോധനക്കായി പൊലീസ് തയാറാക്കിയ ബ്ലോക്ക് ചെയിൻ പദ്ധതിയുടെ പേരിൽ പൊലീസിന്റെ ഡാറ്റാബേസ് തുറക്കാനുള്ള അനുമതിക്കൊപ്പം രഹസ്യ രേഖകളും സർക്കാർ കാരാർ കമ്പനിക്ക് നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹൈകോടതിയെ സമീപിച്ചത്. പൊലീസിന്റെ കൈവശമുള്ള രഹസ്യ വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്ക് പങ്കുവെക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഹരജിയിൽ പറയുന്നു.
ബ്ലോക്ക് ചെയിൻ പ്രൂഫ് ഓഫ് കൺസെപ്റ്റ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിനായി വ്യക്തികളുടെ രഹസ്യ വിവരങ്ങൾ ഊരാളുങ്കൽ സൊസൈറ്റിക്കു കൈമാറാൻ നിർദേശിച്ച് ഒക്ടോബർ 11ന് ഡി.ജി.പി ഉത്തരവ് ഇറക്കിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്ക് ആപ്ലിക്കേഷൻ തയ്യാറാക്കാൻ 35 ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു. ഈ രണ്ട് ഉത്തരവുകളും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കേസ് വിവരങ്ങളും മറ്റും കൈമാറുന്നതിലൂടെ ഇവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. നിർമാണ പ്രവർത്തനങ്ങൾ നടത്തി പരിചയമുള്ള ഈ സൊസൈറ്റി സാങ്കേതിക രംഗത്തും പ്രവൃത്തി പരിചയമുണ്ടെന്ന് അവകാശപ്പെട്ടാണ് പദ്ധതി ഏറ്റെടുത്തതെന്നും ഹരജിയിൽ പറയുന്നു.