Kerala

ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി; ദിലീപിന് രൂക്ഷ വിമർശനം

​ഗൂഢാലോചനാ കേസിൽ പ്രതി ദിലീപിന് തിരിച്ചടി. ദിലീപിനെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോൺ അഭിഭാഷകന് കൈമാറിയത് തെറ്റാണെന്ന് കോടതി പറഞ്ഞു. അന്വേഷണത്തിന് അനിവാര്യമായ തെളിവായ മൊബൈൽ ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ചോദിച്ചു. ( hc slams dileep )

എന്നാൽ പൊലീസ് ചോദിച്ച ഫോണുകൾ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്ന് ദിലീപ് മറുപടി നൽകി. ​ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിലെ പ്രതി ദിലീപിനെതിരെ നിർണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസിലെ വിചാരണയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

ഫോണ്‍ ഹാജരാക്കാനാകില്ലെന്ന് പറഞ്ഞ് ദിലീപ് നേരത്തെ തന്നെ അന്വേഷണസംഘത്തിന് മറുപടി നൽകിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഇപ്പോഴത്തെ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ഫോണില്‍ ഇല്ലെന്നും ദിലീപ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ വര്‍​ഗീസ് അലക്സാണ്ടറിനാണ് മറുപടി നല്‍കിയത് മറുപടിയുടെ പകര്‍പ്പ്ട്വന്റിഫോറിന് ലഭിച്ചിരുന്നു. തന്നോട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോണാണ്. കൈവശമുള്ള മറ്റൊരു ഫോണില്‍ ബാലചന്ദ്ര കുമാറിനെതിരായ തെളിവുകളാണ് ഉള്ളത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പരിശോധനാ ഫലം കോടതിയില്‍ നല്‍കാനാണ് തീരുമാനമെന്നും ദിലീപ് മറുപടിയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്നും മറുപടിയില്‍ ദിലീപ് പറയുന്നു. തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവ് അതിലുണ്ടെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ചിനെതിരായ ​ഗുരുതര ആരോപണമാണ് ദിലീപ് ഉന്നയിക്കുന്നത്.