Kerala

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം വെള്ളറടയില്‍ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. യുവതിയുടെ പരാതി വ്യാജമാണെന്ന ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വ്യാജപരാതി നല്‍കിയ യുവതിയുടെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകർക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി വിവാദമായിരുന്നു. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

ഉഭയസമ്മത പ്രകാരമായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധമെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ യുവതി പരാതി നല്‍കിയതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.