കെ.എസ്.ആർ.ടി.സിയിലെ 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഏപ്രിൽ 30നകമാണ് ഡ്രൈവര്‍മാരെ പിരിച്ചു വിടേണ്ടത്. നിയമനം സർവീസ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിധി പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി അറിയിച്ചു.
2012 ആഗസ്ത് 23 ന് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെ നാലു പേർ സമർപിച്ച അപ്പീൽ ഹരജിയിലാണ് കോടതി ഉത്തരവ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 2455 പേരെ പി.എസ്.സി ആവശ്യമെങ്കിൽ അഡ്വൈസ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. 2012 ആഗസ്ത് 23 ന് നിലവിൽ വന്ന പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരാണ് ഹരജിക്കാർ.
റിസർവ് ഡ്രൈവർ തസ്തികയിലെ ഒഴിവുകൾ കെ.എസ്.ആർ.ടി.സി റിപ്പോർട്ട് ചെയ്തില്ലെന്നാരോപിച്ച് ഇവർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2455 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സിംഗിൾബെഞ്ച് 2015 ജൂൺ 30ന് ഇടക്കാല ഉത്തരവു നൽകി. പിന്നീട് പല തവണ ആരാഞ്ഞെങ്കിലും എം പാനൽ ഡ്രൈവർമാരുടെ കണക്ക് കെ.എസ്.ആർ.ടി.സി ഹാജരാക്കിയില്ലെന്ന യി രു ന്നു ഇവരുടെ ആരോപണം. ഇതിനിടെ ലിസ്റ്റിന്റെ കാലാവധി 2016 ഡിസംബർ 31 വരെ നീട്ടി. എംപാനൽ നിയമനം പാടില്ലെന്ന് റിസർവ് കണ്ടക്ടർമാരുടെ കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് തങ്ങളുടെ ആവശ്യം നിരസിച്ചെതന്നാണ് അപ്പീൽ ഹരജിയിൽ ആരോപിച്ചിരുന്നത്.