India Kerala

പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയ ദുരന്തത്തിന്റെ നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കാനും കോടതി നിർദ്ദേശം നല്‍കി.

നഷ്ടപരിഹാരത്തിന് പ്രത്യക ട്രിബ്യൂണല്‍ സ്ഥാപിക്കുക നഷ്ടപരിഹാര വിതരണത്തിനായി സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ചുമതലപെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്രളയം സംസ്ഥാനത്ത് പലയിടത്തും വ്യത്യസ്തമായ രീതിയിലാണുണ്ടായത്. അതുകൊണ്ട് തന്നെ ഓരോ രീതിയില്‍ നഷ്ടപരിഹാരം നിശ്ചയിക്കാനാവില്ലെന്ന് കോടതി നേരത്തെ ചൂണ്ടികാട്ടിയിരുന്നു.

നഷ്ടപരിഹാരം അര്‍ഹതയുളളവരിലേക്ക് എത്തണം. സുതാര്യവും ശാസ്ത്രീയവുമായ രീതികള് വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. പുനരധിവാസം പോലുള്ള ഹരജികള്‍ വേഗത്തില്‍ തീര്‍പ്പാകണമെന്നും കോടതി നിർദേശിച്ചു. രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകണം .നിയമസഹായം ആവശ്യമുള്ളവർക്ക് കെൽസയെ സമീപിക്കാമെന്നും കോടതി നിർദേശം നൽകി.