Kerala

മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി; സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

പൊലീസ് പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചു മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജി നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. അജിക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. കേസില്‍ ഡിജിപിയെ കക്ഷി ചേര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ ഹൈക്കോടതി അജിയുടെ ആരോപണങ്ങള്‍ പൊലീസ് ഗൗരവമായി പരിശോധിക്കണമെന്നും വ്യക്തമാക്കി. മോന്‍സണ്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം വര്‍ധിച്ചതായും വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം നിലപാടറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

അതിനിടെ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ബാങ്കിന്റെ പേരില്‍ വ്യാജ രേഖ ചമച്ചതിനെ പറ്റി കൂടുതല്‍ അറിയേണ്ടതുണ്ടെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തിലാണ് എറണാകുളം എസിജെഎം കോടതിയുടെ നടപടി. നിലവില്‍ മോന്‍സണിനെതിരെ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുരാവസ്തുക്കളെന്ന പേരില്‍ ആളുകളെ കബളിപ്പിച്ച കേസില്‍ മോന്‍സണിതിരെ വഞ്ചനാക്കുറ്റം ചുമത്തിയേക്കും.