Kerala

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്ന് പറയുന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്‍റെ ഭാഗമായി അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയുമടക്കം നല്കിയ ഏഴോളം ഹരജികളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളിയത്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സംസ്ഥാന സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ടെൻഡർ നടപടിയുമായി സഹകരിച്ചതിന് ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നത് ന്യായീകരിക്കാൻ ആകില്ല.

ഒരു വിമാനത്താവളത്തിന്‍റെ ലാഭം മറ്റൊരു വിമാത്താവളത്തിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന വാദവും ശരിയല്ലെന്ന് കോടതി ചൂണ്ടികാട്ടി. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്കധികാരമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. വിമാനത്താവള നടത്തിപ്പിൽ പ്രവൃത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഇളവ് നല്കുന്നത് അവരെ സഹായിക്കാനാണ്. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇക്കാര്യത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിന് പ്രത്യേക പരിഗണന നൽകണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍ വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവനുവദിക്കുന്നത് ലേല നടപടികളെയാകെ ബാധിക്കും. കെ.എസ്.ഐ.ഡി.സി അദാനി ഗ്രൂപ്പിനേക്കാൾ 19.64 ശതമാനം കുറവാണ് ക്വാട്ട് ചെയ്തത്. 10 ശതമാനം വരെയുള്ള കുറവ് മാത്രമേ കെ.എസ്.ഐ.ഡി.സി.യ്ക്ക് പ്രത്യേക പരിഗണന നൽകുന്നതിനായി പരിഗണിക്കാനാവൂവെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നഷ്ടത്തിലുള്ള വിമാനത്താവളങ്ങളുടെ നടത്തിപ്പിനായാണ് പാട്ടത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുന്നത്. എയർപോർട്ട് അതോറിട്ടിയിൽ നിലവിലുള്ള ആർക്കും ഇതിലൂടെ തൊഴിൽ നഷ്ടമാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

2019 ഫെബ്രുവരിയില്‍ നടത്തിയ ടെന്‍ഡറിലാണ് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്തത്.