വി.ഐ.പികളുടെ സന്ദർശന വേളയിൽ മാത്രം റോഡുകൾ പെട്ടെന്ന് നന്നാക്കാൻ കഴിയുന്നതെങ്ങിനെയെന്ന് ഹൈക്കോടതി. റോഡിൽ വീണ് വാഹന യാത്രക്കാർ മരിച്ചിട്ടും അറ്റകുറ്റ പണി നടത്താത്ത റോഡുകൾ , വി.ഐ.പികളുടെ സന്ദര്‍ശന വേളയില്‍ അതിവേഗത്തിലാണ് നന്നാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി നഗരത്തിലെ തകർന്ന റോഡുകൾ നന്നാക്കാൻ നഗരസഭയോടും പൊതുമരാമത്ത് വകുപ്പിനോടും നിർദേശിക്കണെമന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.പി അജിത് കുമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
കൊച്ചിയിൽ കഴിഞ്ഞ ദിവസമാണ് ഒരാൾ റോഡിലെ കുഴിയിൽ വീണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവർ ഏറെയുണ്ട്. ജീവനോട് വീട്ടിൽ നിന്നിറങ്ങിയാൽ അപകടത്തിൽപ്പെടാതെ വീട്ടിൽ തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ല. ജനങ്ങൾ എന്തിനാണ് ഇത്തരമൊരു അവസ്ഥ അനുവദിക്കുന്നത്. ജഡ്ജിമാർ കാറിൽ സഞ്ചരിക്കുന്നതിനാൽ എല്ലാ കാര്യവും അറിയുന്നില്ല. റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര പേരെ പ്രോസിക്യൂട്ട് ചെയ്യാനായിട്ടുണ്ട്. അപ്പപ്പോൾ കേടുപാടുകൾ തീർത്തു പോയാൽ പ്രശ്നം വലുതാകാതെ നോക്കാവുന്നതേയുള്ളൂ. ഇത്തരം അവസ്ഥക്ക് ആര് ഉത്തരവാദിയായാലും കനത്ത വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. എത്ര നാളുകൾക്കകം കൊച്ചിയിലെ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കാനാവുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പുകളും കൊച്ചി കോർപറേഷനും അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.