ഐ.എസ്.ആർ.ഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ എസ്. വിജയൻ, തമ്പി. എസ്. ദുർഗാദത്ത്, പതിനൊന്നാം പ്രതി മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ ജയപ്രകാശ് എന്നിവരുമാണ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
സി.ബി.ഐ അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കാൻ തയ്യാറാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതികൾ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ആരോപണങ്ങളെല്ലാം വർഷങ്ങൾക്കു ശേഷം ഉണ്ടായതാണ്. ഇത് സംശയം ജനിപ്പിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. ചാരക്കേസ് സമയത്ത് മജിസ്‌ട്രേറ്റ് മുൻപാകെ നൽകിയ മൊഴികളിൽ പൊലീസിനെതിരെ നമ്പി നാരായണൻ അടക്കമുള്ളവർ പരാതികളൊന്നും നൽകിയിട്ടില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. കേസിലെ പതിനൊന്നാം പ്രതിയായ വി.കെ ജയപ്രകാശിന്റെ അറസ്റ്റ് ഹൈകോടതി ബുധനാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു.