Kerala

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ 7ന് ഹർത്താൽ

സംരക്ഷിത വനമേഖലയിലുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ. അരുവാപുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് പത്തനംതിട്ട ഡി സി സി ഹർത്താൽ പ്രഖ്യാപിച്ചത്.

ഓരോ സംരക്ഷിത വനത്തിനും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്നാണ് സുപ്രിംകോടതിയുടെ സുപ്രധാന നിര്‍ദേശം. പരിസ്ഥിതി ലോല മേഖലക്കുള്ളില്‍ സ്ഥിര നിര്‍മാണങ്ങള്‍ അനുവദിക്കരുത്. സംരക്ഷിത വനങ്ങളില്‍ നിലവിലെ പരിസ്ഥിതി ലോല മേഖല ഒരു കിലോമീറ്ററിന് അധികമാണെങ്കില്‍ അത് തുടരും. ദേശീയ വന്യമൃഗ സങ്കേതങ്ങളിലും, ദേശീയ പാര്‍ക്കുകളിലും ഖനനം പാടില്ലെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജിയിലാണ് നിര്‍ദേശങ്ങള്‍. പരിസ്ഥിതി ലോല മേഖലക്കുള്ളില്‍ നിലനില്‍ക്കുന്ന നിര്‍മാണങ്ങളുടെ പട്ടിക തയാറാക്കി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍നടപടികള്‍ക്കായുള്ള നീക്കം.

ഇതിനിടെ പരിസ്ഥിതിലോല മേഖലയില്‍ സുപ്രിംകോടതി ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ വനംമന്ത്രി യോഗം വിളിചച്ചു. നാളെ കണ്ണൂരില്‍ ഉദ്യോഗസ്ഥരുമായി മന്ത്രി എ കെ ശശീന്ദ്രന്‍ യോഗം നടത്തും. വിഷയത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. അഡ്വ.ജനറലുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ സുപ്രിംകോടതി അഭിപ്രായം തേടാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്.