HEAD LINES Kerala

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് സമര സമിതി പ്രവർത്തകരും ഹർഷിനയും സെക്രട്ടറിയേറ്റിന് മുന്നിൽ ഏക ദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും.

ആരോഗ്യവകുപ്പിൻ്റെ പിടിപ്പ്കേട് കൊണ്ട് ഹർഷിന അനുഭവിച്ച വേദന അഞ്ച് വർഷം. ഹർഷിനയുടെ മൂന്ന് പ്രസവം നടന്നത് സർക്കാർ ആശുപത്രികളിൽ നിന്ന് പക്ഷെ കത്രിക എവിടെയുള്ളതാണെന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളേജിൽ നിന്നാണ് തെളിഞ്ഞു. പക്ഷെ ഇത് സമ്മതിക്കാൻ അരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തളളി. ഇതോടെയാണ് സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.

മെഡിക്കൽ ബോർഡിൽ വിശ്വാസമുണ്ടായിരുന്നു എന്ന് ഹർഷിന 24നോട് പ്രതികരിച്ചു. ആദ്യം മുതൽ തന്നെ ആരോഗ്യമന്ത്രി പറയുന്നത് തൻ്റെ ഭാഗത്ത് ന്യായമുണ്ടെന്നാണ്. പൊലീസ് അന്വേഷിച്ച് തെളിയിച്ച കേസാണ്. അത് നിസാരമാക്കി തള്ളിക്കളയുമെന്ന് പ്രതീക്ഷിച്ചില്ല. ആദ്യം ചേരേണ്ട ബോർഡ് മാറ്റിവച്ച്, ആദ്യം നിശ്ചയിച്ച സീനിയർ റേഡിയോളജിസ്റ്റിനെ മാറ്റി അവർക്ക് അനുകൂലമായി റിപ്പോർട്ട് നൽകുന്ന ഒരു ജൂനിയർ റേഡിയോളജിസ്റ്റിനെ കൊണ്ടുവന്നു. ഇതിൽ അട്ടിമറി നടന്നു എന്നതിൽ സംശയമില്ല എന്നും ഹർഷിന പ്രതികരിച്ചു.

ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ പോലീസ് തിങ്കളാഴ്ച്ച സംസ്ഥാനതല സമിതിക്ക് അപ്പീൽ നൽകി. പൊലീസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിൽ ഹർഷിന കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കാനും ശ്രമിക്കും.

മാത്യു കുഴൽനാടൻ എംഎൽഎ രാവിലെ 10 മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ഹർഷിനയുടെ നിലപാട്. മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഹർഷിന സമരം നടത്തി വരികയാണ്. മെഡിക്കൽ ബോർഡ് റിപ്പോർട്ട് തിരുത്തുക, വീഴ്ച വരുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുക, അർഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.