Kerala

”അധികാരത്തിന്‍റെ ആനപ്പുറത്ത് ഇരിക്കുമ്പോൾ എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യം, ഷെയിം ഓണ്‍ യൂ മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്” ഹരീഷ് വാസുദേവന്‍

സുപ്രീം കോടതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്. ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതി ജഡ്ജി എസ്.എ ബോബ്ഡെയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം. പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ വിചിത്ര പരാമര്‍ശം.

പോക്സോ-റേപ്പ് കേസുകളില്‍ ജാമ്യം പരിഗണിക്കുമ്പോൾ ഇരയെ പ്രതി വിവാഹം കഴിക്കുമോ എന്നു ചോദിക്കാൻ ചീഫ് ജസ്റ്റിസിന് എന്താണ് അധികാരം? ഹരീഷ് വസുദേവന്‍ ചോദിച്ചു. വിവാഹം ചെയ്താൽ ചെയ്ത കുറ്റം ഇല്ലാതാകുമോ? ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ ആ ഇരയുടെ വിവാഹ ദല്ലാൾപ്പണി ഏല്‍പ്പിച്ചിട്ടുണ്ടോ?