ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരൻ ഹരിദാസ്. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ ഇന്ന് പൊലീസിന് നല്‍കിയ മൊഴി. (Haridas on bribery allegation against veena george’s office)
പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്. ഹരിദാസനെ വിശമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ആദ്യം മൊഴി നൽകിയ സെക്രട്ടറിയേറ്റ് അനക്സ് പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കാനും സാധ്യതയുണ്ട്.
മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകൾക്ക് ഉടൻ ജോലി ലഭിക്കുമെന്ന് ആരോഗ്യകേരളത്തിന്റെ പേരിൽ വ്യാജ ഈമെയിൽ സന്ദേശം അയച്ചത് അഖിൽ സജീവും റഹീസും ചേർന്നാണെന്ന് പൊലീസ് കണ്ടെത്തി. റഹീസിന്റ ഫോണിൽ നിന്നാണ് വ്യാജ ഈ മെയിൽ അയച്ചിരിക്കുന്നത്. അഖിൽ സജീവിനെ റഹീസിന് പരിചയപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും മുൻ എസ്ഫ്ഐ നേതാവുമായ ലെനിൻ ആയിരുന്നു.
അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ മറവിൽ നടന്ന നിയമന തട്ടിപ്പിൽ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുഖ്യപ്രതി അഖിൽ സജീവിന്‍റെ സുഹൃത്തും കോഴിക്കോട്ടെ അഭിഭാഷകനുമായ റഹീസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.