Kerala

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോപ്പിയടി നടന്നോ എന്നറിയാന്‍ കയ്യക്ഷര പരിശോധന നടത്തും

കോട്ടയത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോപ്പിയടി നടന്നോ എന്നറിയാന്‍ കയ്യക്ഷര പരിശോധന നടത്തും. അന്വേഷണ സംഘം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. കോളേജിന് വീഴ്ചയെന്ന മൊഴിയുലറച്ച് നില്‍ക്കുകയാണ് മരിച്ച അഞ്ജു ഷാജിയുടെ ബന്ധുക്കള്‍.

കോട്ടയം പൊടിമറ്റം സ്വദേശിനിയായിരുന്നു മരിച്ച അഞ്ജു ഷാജി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളേജിലെ ബിരുദവിദ്യാർത്ഥി. പഠിക്കുന്നത് പാരലൽ കോളേജ് ആയതിനാലാണ് അഞ്ജു പരീക്ഷയെഴുതാൻ പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിലെത്തിയത്. അഞ്ജു കോപ്പിയടിച്ചെന്ന ആരോപണം തെളിയിക്കാൻ കോളേജ് അധികൃതരും അവളുടെ നിരപരാധിത്വം തെളിയിക്കാൻ കുടുംബവും പരിശ്രമിക്കുകയാണ്. അഞ്ജു പഠനത്തിൽ മിടുക്കിയായിരുന്നെന്ന് കുടുംബവും സഹപാഠികളും പറയുന്നു. ആദ്യ രണ്ടു സെമസ്റ്ററിലും പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങിയ കുട്ടിയാണെന്ന് സെന്‍റ് ആന്‍റണീസ് കോളേജിലെ അധ്യാപകർ പറയുന്നു.

പരീക്ഷയ്ക്കിടെ കുട്ടി കോപ്പിയടിച്ചെന്ന് കണ്ടെത്തിയാൽ പരീക്ഷാ നടത്തിപ്പ് അധികൃതർ പാലിക്കേണ്ടതായ തുടർ നടപടികളൊന്നും ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യവും ഹാൾടിക്കറ്റും സമർപ്പിച്ച് തങ്ങളുടെ വാദം ശരിയെന്ന് തെളിയിക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നത്

പരീക്ഷയ്ക്കിടെ അഞ്ജുവിന്‍റെ ഹാൾ ടിക്കറ്റിനു പിന്നിൽ അന്നേ ദിവസത്തെ അക്കൗണ്ടൻസി പരീക്ഷയുടെ പാഠഭാ​ഗങ്ങൾ എഴുതിവച്ചിരുന്നു എന്നാണ് ചേർപ്പുങ്കലിലെ കോളേജ് അധികൃതർ പറയുന്നത്. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകനാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നീട് കോളേജ് പ്രിൻസിപ്പാൾ അവിടെയെത്തുകയും അഞ്ജുവിനെ ശാസിക്കുകയും ചെയ്തു. ഇദ്ദേഹം അഞ്ജവിനോട് തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടതായും പറയുന്നു. എന്നാൽ, രണ്ടരയോടെ പരീക്ഷാഹാൾ വിട്ടു പോയ അഞ്ജുവിനെ മൂന്ന് ദിവസം കഴിഞ്ഞ് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ മഹാത്മാ​ഗാന്ധി സർവ്വകലാശാലയോട് സർക്കാർ വിശദീകരണം ചോദിച്ചു. സർവ്വകലാശാല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.