സംസ്ഥാന സര്‍ക്കാര്‍ വഴി ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരുടെ അവസാന സംഘം ഇന്ന് പുറപ്പെടും. നാലു വിമാനങ്ങളിലായി 1200 പേരടങ്ങുന്ന സംഘമാണ് ഇന്ന് യാത്ര തിരിക്കുന്നത്. ഉച്ചയ്ക്ക് 2:45 നാണ് അവസാന വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടുക.
ചരിത്രത്തിലാദ്യമായി ഏറ്റവും പേര്‍ ഹജ്ജിന് പുറപ്പെട്ടത് ഈ വര്‍ഷമാണ്. കൂടാതെ രണ്ട് എംബാര്‍ക്കേഷന്‍ പോയന്റുകള്‍ സംസ്ഥാനത്തിന് അനുവദിച്ചു കിട്ടി. ജൂലൈ ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 11272 തീര്‍ഥാടകരില്‍ 11049 തീര്‍ത്ഥാടകരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിച്ചത്.
കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് 37 വിമാനങ്ങളാണ് ഹാജിമാര്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതില്‍ 33 സര്‍വീസും പൂര്‍ത്തിയായി. ബാക്കിയുള്ള നാല് സര്‍വ്വീസുകളില്‍ സംസ്ഥാനത്തെ ഈ വര്‍ഷത്തെ അവസാന ഹജ്ജ് സംഘം 1200 പേര്‍ ഇന്ന് പുറപ്പെടും. മികച്ച രീതിയിലായിരുന്നു ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനം.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലുള്ള ഹജ്ജ് സംഘം ആദ്യം സന്ദര്‍ശിക്കുന്നത് മദീനയാണ്. ഇതുവഴി ഹജ്ജ് പൂര്‍ത്തിയാക്കിയ ഉടന്‍ തീര്‍ഥാടകര്‍ക്ക് തിരികെ മടങ്ങാന്‍ കഴിയും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ഹാജിമാരുടെ മടക്കയാത്ര.