India Kerala

ഇത് എന്റെ കഥ

കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ചിടത്തോളെ ഏറെ കാത്തിരുന്ന തലവാചകമായിരുന്നു ഡോ.ഹാദിയ അശോകന്‍. ഇക്കാലത്തെ ശക്തമായൊരു മാതൃകയെന്നോണം, പൊതുമനസ്സുകളില്‍ ജ്വലിച്ചു നിന്ന വ്യക്തിത്വത്തെ മറ്റൊരാളില്‍ നിന്നുമല്ലാതെ കേള്‍ക്കണം എന്ന ആഗ്രഹത്തിന് പുറത്തുണ്ടായ കാത്തിരിപ്പാണത്. ഭരണകൂടത്തിനാല്‍ എല്ലാ വിധ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട് ആറുമാസത്തോളം വീട്ടുതടങ്കലിലാക്കപ്പെട്ട അവരെ ഒരു രാജ്യം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. മാധ്യമ ‌സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെട്ടിരുന്ന ഈ കേസില്‍ പൊതുസമൂഹം സത്യമറിയാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്ന വസ്തുത ഈ പുസ്തകത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

‘ഇത് എന്റെ കഥ’ എന്ന പേരില്‍ ഏപ്രില്‍ മാസം തേജസ് ബുക്‌സ് പുറത്തിറക്കിയ ആത്മകഥാ സ്വഭാവത്തില്‍ സഞ്ചരിക്കുന്ന പുസ്തകം ഹാദിയ എന്ന ഇരുപത്തിയാറുകാരിയുടെ സത്യാന്വേഷണകഥ തുറന്ന് വെക്കുന്നതോടൊപ്പം തന്നെ ആ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു ജനാധിപത്യ രാജ്യത്ത് അനുഭവിക്കേണ്ടി വന്ന പ്രത്യേകമായ അനീതിയെ കുറിച്ചും വ്യക്തമായി സംസാരിക്കുന്നുണ്ട്. പ്രായത്തെ ആത്മകഥാരചനയുടെയും ജീവിതാനുഭവ സമ്പാദനത്തിന്റെയും മാനദണ്ഡങ്ങളുപയോഗിച്ച് ചോദ്യങ്ങളുന്നയിക്കുന്നവരോട് മാധവിക്കുട്ടിയുടെ വാക്കുകളില്‍‍‍‍ ഉത്തരം പറയാനാണ് ഹാദിയയും ഇഷ്ടപ്പെടുന്നത്.

ഇരുപതോളം അധ്യായങ്ങളായി തരംതിരിക്കപ്പെട്ട പുസ്തകം ആരംഭിക്കുന്നത് തന്നെ ‘അശോകന്‍ മകള്‍‍ ഹാദിയ’ എന്ന തലക്കെട്ടോടെയാണ്. റിട്ടയേര്‍ഡ് മിലിറ്ററി ഓഫീസറായ തന്റെ അച്ഛനെക്കുറിച്ചും അമ്മയെയും ജീവിതചുറ്റുപാടിനെയും കുറിച്ചും സംസാരിച്ചു തുടങ്ങുന്ന അധ്യായത്തില്‍ കുട്ടിയായിരിക്കെ തന്നെ തന്റെ ചുറ്റുപാടിലും നടന്നിരുന്ന കാര്യങ്ങളില്‍ ഉണ്ടാക്കപ്പെട്ട സംശയങ്ങളെ പറ്റി അവര്‍ സൂചിപ്പിക്കുന്നുണ്ട്.

പുസ്തകത്തിന്റെ ആദ്യ ഭാഗം ഹാദിയയുടെ ബാല്യവും മനസ്സിലുദിച്ച സംശയങ്ങളുമൊക്കെയാണ് കൈകാര്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ പാതയിലേക്കുള്ള പ്രവേശനമായി അതിനെ മനസ്സിലാക്കാം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പലരുടെയും സ്വാധീനത്താല്‍ മതംമാറ്റപ്പെട്ടതായിരുന്നു എന്ന വാദത്തെ മുളയിലേ നുള്ളിക്കളയുകയാണ് പുസ്തകത്തിലൂടെ ഹാദിയ. ചെറുപ്പത്തിലേ തനിക്കുണ്ടായിരുന്ന സംശയങ്ങളെയും തന്റെ വിലയിരുത്തലുകളെയും ധീരമായിത്തന്നെ അവര്‍ പറഞ്ഞുവെക്കുന്നു.

സ്‌കൂള്‍ പഠനം കഴിയും മുമ്പേ ഹിന്ദുമതത്തെ കുറിച്ച് മാത്രമല്ല, ക്രിസ്തുമതത്തെ കുറിച്ചും താന്‍ മനസ്സിലാക്കിയിരുന്നു എന്ന ഹാദിയയുടെ പ്രസ്താവന അവരുടെ ശക്തമായ വായനാശീലമായി വേണം മനസ്സിലാക്കാന്‍. ഹോസ്റ്റല്‍ ജീവിതത്തെ പ്രധാന വഴിത്തിരിവായാണ് ഹാദിയ കാണുന്നത്. പക്ഷേ അതിന് നിര്‍ബന്ധ വശീകരണത്തിന്റെ കഥയല്ല പറയാനുള്ളത്, മറിച്ച് തന്റെ മനസ്സിന്റെ തേടലുകള്‍ക്കുള്ള ഉത്തരമായിരുന്നു സുഹൃത്തുക്കളായ ജസീനയുടെയും ഹസീനയുടെയും കൂടെയുള്ള ജീവിതത്തില്‍ അവര്‍ കണ്ടെത്തിയതെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം.

നെറ്റിയില്‍ പൊട്ടു തൊടുകയും തലമറക്കാതിരിക്കുകയും നമസ്‌കരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ തന്നെ ഇസ്‌ലാമിനെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്ന് ഹാദിയ പറയുന്നുണ്ട്. അവര്‍ക്കിടയില്‍ നടന്നിട്ടുള്ള നിരന്തരമായ സംസാരത്തേക്കാള്‍ തനിച്ചുള്ള അന്വേഷണത്തിന്റെ ചിത്രങ്ങളാണ് പുസ്തകം വരച്ചുകാട്ടുന്നത്. ഹാദിയയുടെ ശക്തമായ തെരഞ്ഞെടുപ്പാണ് ഇസ്‌ലാം എന്നതിന്റെ തെളിവായി നിലനില്‍ക്കുന്നുണ്ട്.

മുസ്‌ലിംകള്‍ക്കിടയിലെ കക്ഷിത്വം തന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നതായി ഹാദിയ സൂചിപ്പിക്കുന്നുണ്ട്. വിശ്വാസ വഴിയിലെ വേറിട്ട മനസ്സിലാക്കലുകളെയും സൗഹൃദങ്ങളെയുമൊക്കെ പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം. അതായത് തന്റെ തെറ്റായ ധാരണകളെ തുറന്നു കാണിക്കുന്നതില്‍ ഹാദിയ മടി കാണിക്കുന്നില്ല. 2013 ആവുമ്പോഴേക്ക് ഇസ്‌ലാമാണ് ഏറ്റവും വലിയ ശരിയെന്ന് താന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു എന്ന് അവര്‍ പറയുന്നു. താന്‍ മനസ്സിലാക്കിയ ശരിയെ പ്രയോഗവത്കരിക്കുന്നതില്‍ നിര്‍ഭയമായ നിലപാട് സ്വീകരിച്ചതിന്റെ ബാക്കിപത്രങ്ങള്‍ ഹാദിയയുടെ വാക്കുകളില്‍ നിന്നും വായിച്ചെടുക്കാം.

ആരൊക്കെ എതിര്‍ത്തിട്ടും സ്വയം ശരിയാണെന്ന് ബോധ്യമായ കാര്യങ്ങളില്‍ ഉറച്ചുനിന്നു കൊണ്ട് മുന്നോട്ട് പോകുന്ന വിദ്യാര്‍ഥിയെയാണ് പിന്നീട് നമുക്ക് കാണാന്‍ കഴിയുക. ഒരു പക്ഷേ നിരൂപണത്തിനപ്പുറം സംഭവങ്ങളുടെ ക്രോഡീകരണമായി പുസ്തകം അനുഭവപ്പെട്ടേക്കാം. പക്ഷേ പുസ്തകത്തിന്റെ ക്രമീകരണം തന്നെ അത്തരത്തില്‍ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സംവിധാനിച്ചിട്ടുള്ളത്.

തന്റെ അച്ഛനാല്‍ സംഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുമ്പോഴും അച്ഛായി തനിക്കെത്രത്തോളം ഇഷ്ടമുള്ളയാളാണെന്ന് ഹാദിയ പറയാന്‍ മടിക്കുന്നില്ല. സ്റ്റേറ്റിന്റെ നിയന്ത്രണത്തിലൂടെയുള്ള വയലന്‍സ് പുസ്തകത്തില്‍ നിന്നും എളുപ്പം വായിച്ചെടുക്കാം. കേരളത്തിന്റെ പൊതുബോധത്തിനപ്പുറം പൊലീസും സര്‍ക്കാറും എത്രമാത്രം ഇസ്‌ലാമോഫോബിക്കാണ് എന്ന് പുസ്തകം വ്യക്തമാക്കുന്നു. പൊലീസ് സേനാവിഭാഗത്തിന്റെ ഉത്തരവാദിത്തം കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങളുടെ ഗൗരവം വ്യക്തിമാക്കി എഴുതിയ കത്തിന് ഒരു മറുപടിയുമുണ്ടായിട്ടില്ല എന്നും ഹാദിയ വെളിപ്പെടുത്തുന്നു.