Kerala

തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്.

നാലംഗ സംഘമാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ ആക്രമിച്ചത്. ഇയാളും അക്രമി സംഘവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല.

കഴിഞ്ഞ മാസം ജില്ലയില്‍ കഠിനംകുളം സ്വദേശി മഹേഷിന് നേരെയും ഗുണ്ടാ ആക്രമണം നടന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷിനെ ബാറില്‍ വച്ച് ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവത്തിന് തൊട്ടുമുന്‍പ് പൂവ്വച്ചലിലും ഗുണ്ടാ ആക്രമണമുണ്ടായി. പാറ്റൂരില്‍ നടന്ന ആക്രമണത്തില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റ കേസ് അന്വേഷിക്കുന്നതിനിടയിലായിരുന്നു പൂവ്വച്ചലിലെ സംഭവം.