മലപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികള്‍ അയക്കുന്ന പണമാണ്. ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ നാട്ടില്‍ ഉപജീവനം കണ്ടെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് പക്ഷേ സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല.
1960കളില്‍ പത്തേമാരികളില്‍ അറബിപ്പൊന്ന് തേടിപ്പോയ ആയിരങ്ങളുടെ നാട് കൂടിയാണ് മലപ്പുറം. യാത്രാ സൗകര്യങ്ങള്‍ വികസിച്ചതോടെ ഗള്‍ഫിലേക്ക് തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. അവിദഗ്ധ തൊഴിലുകളിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും 2000 മുതല്‍ ഇതില്‍ വലിയ മാറ്റം വന്നു.
ജില്ലയിലെ 15 ലക്ഷം പേരെങ്കിലും ഗള്‍ഫില്‍ തൊഴിലെടുക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. വര്‍ഷം 10000 കോടിയിലേറെ രൂപയാണ് മലപ്പുറം ജില്ലയിലെത്തുന്ന ഗള്‍ഫ് പണം. 2018 ലെ ബാങ്കിംഗ് അവലോകന സമിതിയുടെ കണക്ക് പ്രാകരം ഇത് 10,630 കോടിയാണ്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശി വല്‍ക്കരണവും സാമ്പത്തിക പ്രതിസന്ധിയും മൂലം നിരവധി പ്രവാസികള്‍ തൊഴില്‍രഹിതരായി നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇവരുടെ അതിജീവനം മലപ്പുറം നേരിടുന്ന പ്രതിസന്ധികളില്‍ ഒന്നാണ്.
പ്രവാസം വഴി സമ്പാദിച്ച പണമാണ് മലപ്പുറത്തിന്റെ വികസനത്തിന് അടിത്തറയിട്ടത്. ഗള്‍ഫ് കുടിയേറ്റം ആകര്‍ഷകമല്ലാതായി മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ മലപ്പുറത്ത് ആരംഭിക്കേണ്ടിയിരിക്കുന്നു.