India Kerala

പിറവത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

പിറവം കല്ലുമാരിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പല ഭാഗങ്ങളിലും കാക്കകള്‍ ചത്ത് വീഴുന്നത് പതിവായിരിക്കുകയാണ്. സ്ഥലത്ത് വിദഗ്ധ സംഘം വിശദമായ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ കല്ലുമാരിയില്‍ ചേമ്പാലയില്‍ വിനോദിന്റെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ നിന്നും മാത്രം 6 കാക്കകളാണ് ചത്ത് വീണത്, എന്താണിതിന് കാരണമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് കല്ലുമാരിമല.

എറണാകുളം റീജിയണല്‍ ക്ലിനിക്കല്‍ ലബോറട്ടറിയിലെ വെറ്റിനറി സര്‍ജന്‍ ഡോ:ആര്‍ ഉണ്ണിക്യഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സ്ഥലത്തെത്തി ചത്ത് വീണ കാക്കകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. എന്നാല്‍ കാക്കകള്‍ ഉണങ്ങിയ അവസ്ഥയില്‍ ആയതുകൊണ്ട് പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നും കാരണം വ്യക്തമല്ല, കടുത്ത ചൂടാണ് കാക്കകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

വൈറസ് സാധ്യതയും മെഡിക്കല്‍ സംഘം തള്ളിക്കളയുന്നില്ല. പിറവം പുഴയിലെയും സമീപ കിണറുകളിലെയും വെള്ളം ശേഖരിച്ച ശേഷമാണ് മെഡിക്കല്‍ സംഘം മടങ്ങിയത്.