കെ.എസ്.ആര്‍.ടി.സി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതിയ്ക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സര്‍വീസ് പാറശ്ശാല കൊല്ലയിൽ പഞ്ചായത്തിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു.
ഇന്ധനച്ചെലവ് മാത്രം പഞ്ചായത്ത് വഹിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് വാഹനവും ഡ്രൈവറും കണ്ടക്ടറും കെഎസ്ആർടിസി നൽകും. കേരളത്തിലെ ഉൾനാടൻ മേഖലയിലെ പൊതുഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ സഹായകരമായ രീതിയിലാണ് ഗ്രാമവണ്ടി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കേ അറ്റത്തെ പാറശാല നിയോജക മണ്ഡലത്തിലെ കൊല്ലയിൽ പഞ്ചായത്തിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലും ഉടൻ തുടങ്ങും.
തിരുവനന്തപുരം നഗരസഭ ഉൾപ്പെടെ നിരവധി തദ്ദേശസ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്ന് മന്ത്രി ആൻ്റണി രാജു പറഞ്ഞു. കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനോട് സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുമായ ബിജു പ്രഭാകർ ഐ.എ.എസ്, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എസ് നവനീത് കുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.