കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എ.സി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ.
ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്ന സിപിഐ ബോർഡ് മെമ്പറുടെ വെളിപ്പെടുത്തൽ ഇതിന് അടിവരയിടുന്നതാണ്. പാവപ്പെട്ടവരുടെ പണമാണ് സിപിഎം നേതാക്കൾ കൊള്ളയടിച്ചിരിക്കുന്നത്. സഹകരണമേഖലയെ തകർത്ത് കള്ളപ്പണം വെളുപ്പിക്കുക മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇഡിക്കെതിരെ സിപിഎം സമരം ചെയ്യുന്നത് മടിയിൽ കനമുള്ളത് കൊണ്ടാണ്. കോൺഗ്രസും സിപിഎമ്മും സഹകരണ അഴിമതിയിലും പരസ്പരം സഹകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടന്ന അഴിമതിക്കെതിരെ രണ്ട് ജില്ലകളിൽ ബിജെപി സഹകരണ അദാലത്ത് നടത്തി കഴിഞ്ഞു. മറ്റ് ജില്ലകളിലും ബിജെപി സഹകരണ അദാലത്തുകൾ സംഘടിപ്പിക്കും. പണം നഷ്ടമായവർക്ക് നീതി ലഭിക്കും വരെ ബിജെപി പോരാടും. അഴിമതിക്കാരെ തുറങ്കിലടയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.