Kerala

മദ്യം വിതരണം പുനരാരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ

മദ്യം വിതരണം നാളെത്തന്നെ ആരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി സർക്കാർ. ബെവ് ക്യൂ ആപ്പ് വികസിപ്പിച്ച ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ബെവ് കോ അധികൃതർ ഇന്ന് ചർച്ച നടത്തും. ആപ്പിലൂടെ തന്നെ ബാറുകളിലും പാഴ്സൽ നൽകാനാണ് ആലോചന.

എന്നാൽ ഒറ്റ ദിവസം കൊണ്ട് ആപ്പ് പ്രവർത്തന സജ്ജമാകുമോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ താഴെയുള്ള പ്രദേശങ്ങളിൽ ബാറുകളും ബിവറേജ് കോർപ്പറേഷൻ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും തുറന്നു പ്രവർത്തിക്കാനാണ് സർക്കാർ തീരുമാനം.

എന്നാൽ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ കഴിയില്ല. ക്ലബ്ബുകളിലെ പാഴ്സലിൻ്റെ കാര്യത്തിലും അവ്യക്തതയുണ്ട്. കഴിഞ്ഞ തവണത്തെ പോലെ ബെവ്ക്യു ആപ്പ് വഴി തന്നെയാകും ഇത്തവണയും മദ്യ വിതരണം. ആപ്പ് പരിഷ്കരിക്കാൻ കമ്പനിയോട് ബെവ് കോ ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിൽ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ കൂടുതൽ ഓപ്ഷനുകൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകും.

ബുക്ക് ചെയ്യുമ്പോൾ ഇഷ്ടമുള്ള ഔട്ട് ലെറ്റും ബാറും തെരഞ്ഞെടുക്കാൻ ആപ്പിൽ സൗകര്യമുണ്ടാകും എന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ആപ്പുമായി സഹകരിക്കാൻ താല്പര്യമുള്ള ഉള്ള ബാർ ഉടമകളുടെ പട്ടികയും ഉടൻ കൈമാറും. ബാറുകളിൽ നിന്ന് പാഴ്സലായി മദ്യം നൽകാൻ നേരത്തെ സർക്കാർ നിയമ ഭേദഗതി വരുത്തിയിരുന്നു.

അതുകൊണ്ട് അത്തരം സാങ്കേതിക തടസ്സങ്ങൾ ഇത്തവണ ഉണ്ടാകില്ല. എങ്കിലും ഒരു ദിവസം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ബെവ് ക്യൂ പൂർണ പ്രവർത്തനസജ്ജമാകുമോ എന്ന ആശങ്ക ബെവ് കോയക്കുണ്ട്. അങ്ങനെയെങ്കിൽ മദ്യം വിതരണം വൈകും. ബെവ് ക്യൂ ആപ്പിൽ പോരായ്മകൾ കണ്ടെത്തിയാൽ മാത്രമേ ബെവ് കോ മറ്റു വഴികൾ തേടു. നേരത്തെ ഇതിനായി ബംഗളൂരു ആസ്ഥാനമായ കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും അത് മുന്നോട്ട് പോയില്ല