കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 11നാണ് തിയേറ്ററുകൾ അടച്ചത്
ജി.എസ്.ടി.ക്ക് പുറമേ സംസ്ഥാനം ഏർപ്പെടുത്തിയ വിനോദ നികുതി പൂർണമായും ഒഴിവാക്കണമെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തിയേറ്ററുകൾ തുറക്കണം. കൊറോണക്കാല പ്രതിസന്ധി മറികടക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
50 പേരെ ഉൾപ്പെടുത്തി ഷൂട്ടിങ്ങുകൾ പുനരാരംഭിക്കാൻ അനുവദിക്കണം. നിലവിലെ ലൈസൻസുകളുടെ കാലാവധി അടുത്ത മാർച്ച് വരെ നീട്ടണമെന്നും ഈ സാമ്പത്തിക വർഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ നഷ്ടസാധ്യത പരിഗണിച്ച് 10 ലക്ഷം രൂപ സബ്സിഡി നൽകണമെന്നും ഫിലിം ചേംബർ സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 11നാണ് തിയേറ്ററുകൾ അടച്ചത്. സിനിമ ചിത്രീകരണം നിർത്തിവെക്കുകയും ചെയ്തിരുന്നു. പ്രൊഡക്ഷൻ ബോയ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ അടക്കം ഇരുപതിനായിരത്തോളം പേർ ഇതോടെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് 5,000 രൂപ വീതം പ്രതിമാസം അനുവദിക്കണമെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആവശ്യം.
കിഫ്ബി ഫണ്ടുപയോഗിച്ച് തീയേയറ്ററുകൾ പണിയാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ഈ തുക സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിനിയോഗിക്കണമെന്ന് ചേംബർ ആവശ്യപ്പെടുന്നു. ജി.എസ്.ടി.ക്ക് പുറമേ സർക്കാർ ഏർപ്പെടുത്തിയ വിനോദ നികുതിയും ഒഴിവാക്കിയാൽ ടിക്കറ്റ് നിരക്ക് കുറച്ച് അതിലൂടെ പ്രേക്ഷകരെ തിരിച്ചുപിടിക്കാനാകുമെന്നാണ് ഫിലിം ചേംബർ പ്രതീക്ഷിക്കുന്നത്.