Kerala

തെരഞ്ഞെടുപ്പ് അടുത്തതോടെ ബാർ തുറക്കാനൊരുങ്ങി സര്‍ക്കാര്‍: റിപ്പോർട്ട് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി

തെരഞ്ഞെടുപ്പ് ആരവം മുഴങ്ങിയതോടെ പൂട്ടി കിടക്കുന്ന ബാറുകൾ തുറക്കാൻ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

തുറക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിക്ക് എക്സൈസ് കമീഷണർ നൽകിയ റിപ്പോർട്ട് എക്സൈസ് മന്ത്രിയുടെ ശിപാർശയോടെ മുഖ്യമന്ത്രിക്ക് കൈമാറി. ഉടൻ സർക്കാർ ഉത്തരവുണ്ടാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ട് കൂടി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.

ബാറുകൾ അനന്തമായി അടച്ചിടുന്നത് ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക നൽകുന്ന തങ്ങൾക്ക് സാമ്പത്തികബാധ്യത വരുത്തുന്നതായി ബാർ ഹോട്ടൽ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ട് സംഘടന നിവേദനം നൽകി.

തെരഞ്ഞെടുപ്പുകൾ അടുക്കുന്ന സാഹചര്യത്തിൽ ബാറുകൾ അടഞ്ഞുകിടക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും തിരിച്ചടിയാണ്. ആ സാഹചര്യവും പരിഗണിച്ചു. വിഷയം വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്ത് അനുകൂല നിലപാടെടുക്കുകയായിരുന്നു. തുടർന്നാണ് എക്സൈസ് കമീഷണറിൽനിന്ന് റിപ്പോർട്ട് തേടിയത്. പഞ്ചാബ്, ബംഗാൾ, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിൽ കേരളത്തിലും തുറക്കാമെന്നാണ് ശിപാർശ. സിനിമാ തീയറ്ററുകൾ തുറക്കാതെ ബാറുകൾ തുറക്കുന്നത് പ്രശ്നമായേക്കും.

സംസ്ഥാനത്ത് 596 ബാറുകളും 350 ബീയർ, വൈൻ പാർലറുകളുമാണുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന നിർദേശം കൊണ്ടുവരും. ഒരു മേശയിൽ രണ്ടുപേരെ മാത്രമാകും അനുവദിക്കുക. പാർസൽ നിർത്തും. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാകും പ്രവർത്തനം. നിശ്ചിത അകലത്തിൽ കസേരകൾ ഇടണം, ഗ്ലാസുകൾ സാനിറ്റൈസ് ചെയ്യണം തുടങ്ങിയ നിർദേശങ്ങളും നൽകും.

ബാറുകളും ബിയർ, വൈൻ പാർലറുകളും വീണ്ടും തുറക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ബാറുടമകളുടെ സംഘടന രംഗത്തെത്തി. ബാറുകളും ബിയർ പാർലറുകളും തുറക്കുന്നതിനൊപ്പം ക്ലബ്ബുകളും തുറക്കാൻ അനുമതി നൽകിയേക്കും.