ഇടുക്കിയിലെ വട്ടവടയിലും കാന്തല്ലൂരിലും പച്ചക്കറി കൃഷിക്കായി പ്രത്യേക കാര്‍ഷിക മേഖല രൂപീകരിച്ചുവെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രധാന നേട്ടങ്ങളിലൊന്നായി അവകാശപ്പെടുന്നത്. എന്നാല്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതും ബജറ്റ് തുക കര്‍ഷകരിലേക്ക് എത്തുന്നതും അടക്കം വലിയ പാളിച്ചകള്‍ ഉണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്.
ശീതകാല പച്ചക്കറികൃഷിയുടെ നാടാണ് വട്ടവടയും കാന്തല്ലൂരും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്‍പാദിപ്പിക്കുന്ന നാട്. 5000 ഹെക്ടര്‍ ജൈവപച്ചക്കറി കൃഷിക്കായി ഒരുക്കുമെന്നാണ് കൃഷി വകുപ്പ് പറഞ്ഞിരുന്നതെങ്കിലും ഈ മേഖലകളില്‍ പച്ചക്കറി കൃഷിയിലെ വ്യാപനം അത്ര കാര്യമായുണ്ടായില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കാന്തല്ലൂരില്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ തന്നെ 430 ഹെക്ടറിലാണ് പച്ചക്കറി കൃഷി നടക്കുന്നത്. 980 കര്‍ഷകര്‍ ഇവിടുയുണ്ടെന്നാണ് കണക്ക്. വട്ടവടയിലാകട്ടെ 4000 കര്‍ഷകരും,1600 ഹെക്ടറില്‍ പച്ചക്കറി കൃഷിയും നടക്കുന്നു.
ക്യാരറ്റ്, ക്യാബേജ്, വെളുത്തുള്ളി, ബീന്‍സ്, നിലക്കടല തുടങ്ങിയവയാണ് പ്രധാന കൃഷി ഇനങ്ങള്‍. ഇനി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 10 കോടി കണക്ക് സംബന്ധിച്ച്, വട്ടവടയ്ക്കായി മൂന്ന് കോടിയും, കാന്തല്ലൂരിനായി 69 ലക്ഷവുമാണ് പാസായിട്ടുള്ളത്. അതാകട്ടെ വനംവകുപ്പിനും, മണ്ണ് സംരക്ഷണകേന്ദ്രത്തിനും തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കായാണ് നീക്കിവയ്പ്.
ഫെറോസിമന്‍റ് ടാങ്ക്, കനാല്‍, ചെക്ക് ഡാം എന്നിവയുടെ നിര്‍മാണത്തിനായാണ് ഇവ മാറ്റിവച്ചിട്ടുള്ളത്. പച്ചക്കറി കൃഷിയുടെ വ്യാപനം അതുകൊണ്ട്തന്നെ ഇനിയും സാധ്യമാകേണ്ടതുണ്ട്.