India Kerala

പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പിണറായി സർക്കാറിന് ഇന്ന് മൂന്നാം വാർഷികം. ശബരിമലയിലെ നിർണ്ണായക നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചതോടെ സർക്കാറിന് മുന്നിലുളള വഴികൾ ഇനി പ്രതിബന്ധങ്ങൾ നിറഞ്ഞതാവും. ഒപ്പം പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍ നിര്‍മാണമെന്ന കടമ്പയും.

നൂറ്റാണ്ടിലെ പ്രളയം, നിപ, ശബരിമല മുമ്പ് ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയായിരന്നു പിണറായി സര്‍ക്കാരിന്‍റെ മൂന്നാം വര്‍ഷം. പ്രതിസന്ധികളെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. അതിന്റെ ആഘാതം അത്രപെട്ടെന്ന് മറികടക്കുക എളുപ്പമല്ല.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന അഭിപ്രായം മുന്നണിക്കുള്ളില്‍ ഒരുവിഭാഗത്തിനുണ്ട്. അതുകൊണ്ട് തന്നെ നാലാം വര്‍ഷത്തിലും ശബരിമല തന്നെയായിരിക്കും സര്‍ക്കാരിനുമുന്നിലുള്ള പ്രധാന കടമ്പ ശബരിമല തന്നെയായിരിക്കും. പ്രളയവും നിപ്പയും കൈകാര്യം ചെയ്ത സര്‍ക്കാര്‍ രീതി വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടെങ്കിലും പുനര്‍നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പ്രതിബന്ധമായി സര്‍ക്കാരിനു മുന്നിലുണ്ട്.

പുനര്‍നിര്‍മാണത്തിന് രണ്ടുമുതല്‍ മൂന്നു വര്‍ഷം വരെ വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന് 36,000 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. പുനനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ജനപിന്തുണ ആര്‍ജിക്കാനായിരിക്കും ഇനി സര്‍ക്കാരിന്‍റെ ശ്രമം. തെരഞ്ഞെടുപ്പ് തോല്‍വി മുഖ്യമന്ത്രിയുടെ നേതൃപാടവത്തിനെതിരെയും ചോദ്യം ഉയര്‍ത്തുന്നുണ്ട്. മന്ത്രിസഭയ്ക്കുള്ളിലും മുന്നണിക്കുള്ളിലും ഇത് ഭിന്നതക്ക് വഴിവെച്ചാല്‍ സര്‍ക്കാരിന്‍റെ മുന്നോട്ടുള്ള പ്രയാണം ദുഷ്കരമാകും. ആസന്നമായ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുമാണ് മറ്റു കടമ്പകള്‍.