ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍. കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് നടപടി. ട്വന്റിഫോര്‍ ഇംപാക്ട്.
സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380, ഹ്യുമാനിറ്റീസില്‍ 280 ഇങ്ങനെ കലാ, കായിക മേളകള്‍ക്കും ക്ലബ് ആക്ടിവിറ്റികള്‍ക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓഫ് ലൈന്‍ ക്ലാസുകള്‍ ഒട്ടും നടന്നില്ലെന്നിരിക്കെ കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയം മുന്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായില്ല. കൊവിഡ് സാഹചര്യത്തില്‍ ചെറുതെങ്കിലും തുക കെട്ടാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധികളെക്കുറിച്ചുള്ള ട്വന്റിഫോര്‍ പരമ്പരയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി. ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ഇതില്‍ വിദ്യാര്‍ഥികളില്‍ നിന്ന് തുക ഈടാക്കേണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. വിഷയത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുക പിരിക്കേണ്ടെന്ന ഉത്തരവ് പ്രധാനധ്യാപകര്‍ക്ക് അഡീഷണല്‍ സെക്രട്ടറി കൈമാറി. സ്‌പെഷ്യല്‍ ഫീ പിരിച്ച സ്‌കൂളുകള്‍ സ്വീകരിക്കേണ്ട നിലപാടുകളിലും വരും ദിവസങ്ങളില്‍ വ്യക്തത കൈവന്നേക്കും.