പി.എസ്‌സിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം നേടി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഉദ്യോഗക്കയറ്റം നേടിയത്. വകുപ്പുതല പരീക്ഷയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കുന്നതന്നും സര്‍ക്കാരിന് പി.എസ്.സിയുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ വകുപ്പു മേധാവികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകളും അല്ലാത്തവയും പി.എസ്.സിയുടേതാണെന്ന് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ഉദ്യോഗക്കയറ്റത്തിനായി പരീക്ഷ നടത്തുന്നത് പി.എസ്.സിയാണ്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് പി.എസ്.സി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതു ഹാജരാക്കിയാല്‍ മാത്രമേ ഉദ്യോഗക്കയറ്റം ലഭിക്കുകയുള്ളൂ. എന്നാല്‍ ചില ജീവനക്കാര്‍ പി.എസ്.സിയുടെ വ്യാജസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഉദ്യോഗക്കയറ്റം നേടുന്നുവെന്നാണ് പി.എസ്.സി കണ്ടെത്തിയത്.
ഈ പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഏപ്രില്‍ 29ന് കേരള പബഌക് സര്‍വീസ് കമ്മിഷന്‍ സെക്രട്ടറി സര്‍ക്കാരിന് കത്തു നല്‍കി. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നാണ് പി.എസ്.സിയുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്താന്‍ എല്ലാ വകുപ്പു മേധാവികള്‍ക്കും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിര്‍ദ്ദേശം നല്‍കി.
പി.എസ്.സിയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കുന്നതെങ്കില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ഫോണ്‍ സ്‌കാനര്‍ ഉപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പരിശോധിക്കണം. പി.എസ്.സിയുടെ വെബ്‌സൈറ്റിലെ സര്‍ട്ടിഫിക്കറ്റ് ഐഡിയും ഉടമയുടെ പേരും പരിശോധിക്കണം. എഴുതി തയറാക്കിയ സര്‍ട്ടിഫിക്കറ്റാണെങ്കില്‍ പി.എസ്.സിയുടെ ജോയിന്റ് സെക്രട്ടറിക്ക് അയച്ചു നല്‍കി ആധികാരികത പരിശോധിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.