തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആനവിലക്ക് സംബന്ധിച്ച് ആന ഉടമകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി വി.എസ് സുനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം നാലരക്കാണ് യോഗം.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പുരത്തില്‍ നിന്ന് വിലക്കിയതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഇക്കാര്യത്തില്‍ അനുനയ ചര്‍ച്ചക്കാണ് സര്‍ക്കാര്‍ ശ്രമം. തൃശൂര്‍ പൂരം നല്ല രീതിയില്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി തന്നെ ചര്‍ച്ചക്ക് മുന്‍കൈ എടുത്തിരിക്കുന്നത്. വൈകുന്നേരം നാലരക്ക് സെക്രട്ടറിയേറ്റില്‍ ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തും. ആന ഉടമസ്ഥരുടെ സംഘടനകള്‍ക്കൊപ്പം മന്ത്രി വി.എസ് സുനില്‍കുമാറും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയും യോഗത്തില്‍ പങ്കെടുക്കും. ഇന്നത്തെ യോഗത്തില്‍ അനുകൂല തീരുമാനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ബദല്‍ നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കും.