India Kerala

ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹരജി ഇന്ന് തന്നെ പരിഗണിച്ചേക്കും. ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രീറാം ഐ.സി.യുവില്‍ തുടരും.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നാണ് ഹരജിയിലെ വാദം. മദ്യപിച്ചില്ല എന്ന കാരണത്താല്‍ മാത്രം ജാമ്യം അനുവദിക്കാനാവില്ലെന്നും ഹരജിയില്‍ ഉന്നയിക്കുന്നു. ഹരജി ഹൈക്കോടതി ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് സൂചന.

ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും മെഡിക്കല്‍ കോളജ് ട്രോമാ ഐ.സി.യുവിലാണ് ശ്രീറാം. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നെങ്കിലും നട്ടെല്ലിന്റെ എം.ആര്‍.ഐ പരിശോധനാ ഫലം ലഭിക്കാത്തതിനാല്‍ ഡിസ്ചാര്‍ജിന്റ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. വൈകിട്ടോടെ ഫലം ലഭിച്ചാല്‍ ഇന്ന് തന്നെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് ചേരും. കടുത്ത മാനസിക സമ്മര്‍ദ്ദവും ഛര്‍ദ്ദിയും തുടരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജായാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രീറാമിന്റെ ബന്ധുക്കള്‍ ശ്രമം തുടങ്ങി.