Kerala

ലോകായുക്ത ഓര്‍ഡിനന്‍സ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ഗവര്‍ണറെ ധരിപ്പിച്ചത്. ഇക്കാര്യത്തിലും ഗവര്‍ണര്‍ വിശദീകരണം തേടും. കൂടാതെ ലോകായുക്ത നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ നിലപാടിന്റെ വിശദാംശങ്ങളും ഗവര്‍ണര്‍ തേടും.

കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍. അതിനിടെ ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഭേദഗതി ഓര്‍ഡിനന്‍സ് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം ലോകായുക്ത ഭേദഗതിയില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഐഎം നീക്കം നടത്തിവരികയാണ്. നിയമത്തില്‍ ഭേദഗതി കൊണ്ട് വരുന്നു എന്നല്ലാതെ എന്താണ് ഭേദഗതി എന്നതിനെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നാണ് പാര്‍ട്ടി മന്ത്രിമാര്‍ സിപിഐ സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചത്.