India Kerala

നയപ്രഖ്യാപനം ഇന്ന്: എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്

ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൌരത്വ നിയമത്തിനെതിരായി നയപ്രഖ്യാപനത്തിലുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഗവര്‍ണറെ മടക്കിവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അടക്കം നിരവധി വിവാദ വിഷയങ്ങള്‍ ഇത്തവണത്തെ സഭാ സമ്മേളനത്തിലുണ്ടാകും. ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിലപാട് ഇന്ന് രാവിലെ ചേരുന്ന യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഗവര്‍ണറിലാണ്. രാവിലെ 9 മണിക്ക് ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗമാണ് ഏറ്റവും നിര്‍ണായകം. പൌരത്വ നിയമത്തിനെതിരെ തന്നോട് ചോദിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതില്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ ഇതേവിഷയം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണവും തേടിയിരുന്നു. എന്നാല്‍ പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ ഉറ്റ് നോക്കുന്നത്.

പൌരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. പ്രസംഗത്തില്‍ ഉള്‍പ്പെടാത്ത ഭാഗങ്ങള്‍ ഗവര്‍ണര്‍ സഭയില്‍ ഉന്നയിക്കുമോ എന്ന ആശങ്ക സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുണ്ട്. വായിക്കാതെ ഒഴിവാക്കിയാലും സഭാരേഖകളില്‍ മന്ത്രിസഭ അംഗീകരിച്ച രേഖ വരും എന്നതാണ് സര്‍ക്കാരിന് ആശ്വാസം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ രാവിലെ എട്ട് മണിക്ക് ചേരുന്ന പാര്‍ലമെ‍ന്‍ററി പാര്‍ട്ടി യോഗത്തില്‍ യു.ഡി.എഫ് തീരുമാനിക്കും.

ഫെബ്രുവരി 12 വരെ 10 ദിവസം നീണ്ട് നില്‍ക്കുന്ന സഭയില്‍ നിരവധി വിവാദ വിഷയങ്ങള്‍ വരുന്നുണ്ട്. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം, വാര്‍ഡ് വിഭജന ബില്‍ തുടങ്ങിയവ അടുത്താഴ്ച സഭയുടെ പരിഗണനക്ക് വരും. ഏഴാം തീയതിയാണ് ബജറ്റ്. ഗവര്‍ണറുടെ നിലപാടുകള്‍ സജീവ ചര്‍ച്ചയാകുന്ന സഭാ സമ്മേളനത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള നേര്‍ക്ക്നേര്‍ പോരാട്ടമായിരിക്കും കാണാന്‍ കഴിയുക.