India Kerala National

സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍

2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ വിവാദമായിരുന്നു

സാങ്കേതിക സര്‍വകലാശാല നടത്തിയ മാര്‍ക്ക്ദാന അദാലത്ത് ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. മന്ത്രി ജലീല്‍ അദാലത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണ്. സര്‍വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ചാന്‍സ്‍ലര്‍ കൂടിയായ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവില്‍ പറയുന്നു. അദാലത്തിലെ തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി റദ്ദാക്കുന്നില്ലെന്നും ഇതൊരു കീഴ്‍വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

2019 ഫെബ്രുവരിയില്‍ സാങ്കേതിക സര്‍വകലാശാല നടത്തിയ അദാലത്തും അതിലെ തീരുമാനവും നേരത്തെ തന്നെ വിവാദമായിരുന്നു. രണ്ട് തവണ മുല്യനിര്‍ണയം നടത്തിയ ഒരു വിദ്യാര്‍ഥിയുടെ പേപ്പര്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി ആവശ്യപ്പെട്ടു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പ്രശ്നത്തില്‍ പരാതി കിട്ടിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ തെളിവെടുത്തിരുന്നു. അതിന്റെ ഭാഗമായി ഇന്ന് പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് അദാലത്ത് നിയമവിരുദ്ധമായിരുന്നുവെന്നും മന്ത്രിക്ക് ഇടപെടാന്‍ നിയമപരമായി സാധുതയില്ലെന്നും വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ച് അദാലത്ത് റദ്ദാക്കുന്നില്ലെന്നും ഇതൊരു കീഴ്‍വഴക്കമായി കാണരുതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എന്നാല്‍ ബി.ടെക് വിദ്യാര്‍ഥിയുടെ മാര്‍ക്ക് ഗവര്‍ണര്‍ തിരുത്തിയിട്ടില്ലല്ലോയെന്നും അതിന്‍റെ അര്‍ഥം എന്താണെന്നും മന്ത്രി കെ.ടി ജലീല്‍ ചോദിച്ചു. ഗവര്‍ണറുടെ ഉത്തരവ് കണ്ടിട്ടില്ലെന്നും ഉത്തരവ് കണ്ട ശേഷം പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.