India Kerala

ഗവര്‍ണറെ തിരിച്ചുവിളിക്കണോ ? ഇന്ന് തീരുമാനമാകും

ഗവര്‍ണ്ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന കാര്യോപദേശ സമിതി തീരുമാനമെടുക്കും. സര്‍ക്കാരിന്‍റെകൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സ്പീക്കര്‍ അന്തിമ തീരുമാനമെടുക്കുന്നത്. പ്രമേയം അവതരിപ്പിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല.

നിയമസഭയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന ഗവര്‍ണ്ണറെ മടക്കി വിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടിയത്. വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കര്‍ ആയിരിന്നപ്പോഴുള്ള ഒരു റൂളീംങിന്‍റെ അടിസ്ഥാനത്തിലായിരിന്നു പ്രതിപക്ഷത്തിന്‍റെ നിര്‍ണ്ണായക നീക്കം.

ഗവര്‍ണ്ണറുമായി നേരിട്ടുള്ള പോരിന് വഴിവെയ്ക്കുന്ന പ്രമേയത്തിന് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയില്ല. നയപ്രഖ്യാപനത്തില്‍ തനിക്ക് എതിര്‍പ്പുള്ള ഭാഗങ്ങള്‍ വായിക്കില്ലെന്ന് വ്യക്തമാക്കിയ ശേഷം അത് വായിച്ചത് കൊണ്ട് തന്നെ ഗവര്‍ണറെ വീണ്ടും പ്രകോപിപ്പിക്കുന്ന ഒരു നീക്കത്തിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ താത്പര്യമില്ല.

ഭരണഘടനാ തലവനായ ഗവര്‍ണര്‍ക്കെതിരെ നിയമസഭതന്നെ പ്രമേയം പാസ്സാക്കിയാലുണ്ടാവുന്ന ഭരണഘടന പ്രതിസന്ധിയെ കുറിച്ചും സര്‍ക്കാരിന് ബോധ്യമുണ്ട്. എന്നാല്‍ പ്രമേയത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ ഒത്ത്കളിയാണെന്ന ആരോപണം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.