India Kerala

ബി.ജെ.പി ജയിക്കും, മോദി പ്രധാനമന്ത്രിയാവുന്നതാണ് നല്ലത്; വിവാദമായി രാജസ്ഥാന്‍ ഗവര്‍ണറുടെ വാക്കുകള്‍

ഞങ്ങളെല്ലാവരും ബി.ജെ.പി പ്രവര്‍ത്തകരാണെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുമെന്നുമുള്ള രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്റെ വാക്കുകള്‍ വിവാദമായി. മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതാണ് രാജ്യത്തിന് നല്ലതെന്നുമായിരുന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത്.

ഗവര്‍ണര്‍ പദവിയിലിരിക്കെ പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ബി.ജെ.പി നിശ്ചയിച്ച സ്ഥാനാര്‍ഥി സതീഷ് ഗൗതമിനെതിരെ ബി.ജെ.പി അംഗങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സതീഷ് ഗൗതമിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കല്യാണ്‍ സിങിന്റെ യു.പിയിലെ വസതിക്ക് മുമ്പില്‍ പ്രതിഷേധിച്ചിരുന്നു.

ഇക്കാര്യത്തില്‍ വിശദീകരണം എന്ന നിലക്ക് സംസാരിക്കവെയാണ് തന്റെ ബി.ജെ.പി കൂറ് ഗവര്‍ണര്‍ പരസ്യമായി പ്രകടിപ്പിച്ചത്. സതീഷ് ഗൗതം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്തയാളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്.