Kerala

ജേഴ്സിയില്ല, പരിശീലിക്കാൻ ഗ്രൗണ്ടില്ല; ദേശീയ ഗെയിംസിനുള്ള ഫുട്ബോള്‍ ടീമിന് അവഗണന

ദേശീയ ഗെയിംസിനുള്ള സംസ്ഥാന ഫുട്ബോള്‍ ടീമിന് സര്‍ക്കാരിന്റെ അവഗണന. സെപ്റ്റംബർ 27ന് ഗെയിംസ് ആരംഭിക്കാനിരിക്കെ പരിശീലനത്തിനായി ഗ്രൗണ്ട് പോലും നല്‍കിയില്ല. കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവിലെ പരിശീലനം. ഈ മാസം 30 നാണ് ടീം പ്രഖ്യാപിക്കേണ്ടത്.

ഗുജറാത്തില്‍ നടക്കുന്ന ദേശീയ ഗെയിംസ് ഫുട്ബോള്‍ ടീമിനോടാണ് സര്‍ക്കാരിന്റെ അവഗണന. ദേശീയ ഗെയിംസിന് ഒരു മാസം മാത്രം അകലെ, കേരള ഫുട്ബോൾ ടീം പരിശീലനത്തിനു വേദിയില്ലാതെ നെട്ടോട്ടത്തിലാണ്. നേരത്തെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായർ സ്റ്റേഡിയം ലഭിക്കാന്‍ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. കുന്നംകുളത്ത് ഗ്രൗണ്ട് ലഭ്യമാക്കാമെന്ന വാഗ്ദാനവും പാഴായി.

കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഒരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് നിലവിലെ പരിശീലനം. താരങ്ങള്‍ക്കുള്ള പരിശീലനസൗകര്യം, ജേഴ്സി, യാത്ര തുടങ്ങിയ കാര്യങ്ങൾ ഒരുക്കേണ്ടതു സ്പോർട്സ് കൗൺസിലും സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റുമാണ്. എന്നാല്‍ ഇവരുടെ വീഴ്ച ടീം സെലക്ഷനെയും ടീമിന്റെ പ്രകടനത്തെ തന്നെയും ബാധിക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.