ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്. വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പുനപ്പരിശോധനാ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്‍റെ വിധിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഒന്നാമത് യുവതീപ്രവേശനം അനുവദിച്ച 2018 സെപ്തംബറിലെ വിധി സ്റ്റേ ചെയ്യുന്നുവെന്നോ സ്റ്റേ ചെയ്യുന്നില്ല എന്നോ കോടതി പറഞ്ഞിട്ടില്ല. രണ്ടാമത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അന്ന് നിരത്തിയ പലകാര്യങ്ങളിലും കോടതി തന്നെ സംശയം പ്രകടിപ്പിച്ച് ഏഴംഗബഞ്ചിന് വിട്ടിരിക്കുകയാണ്. മൂന്നാമത് വിശ്വാസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ വിപുലമായ ബഞ്ച് പരിഗണിക്കുമ്പോള്‍ സ്ത്രീപ്രവേശനം അനുവദിക്കേണ്ടതുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സര്‍ക്കാരിന് മുന്നിലുള്ളത്. ഇതുകൊണ്ടാണ് വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും.
എജിയോടോ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരോടോ ഉടനെ നിയമോപദേശം തേടിയേക്കും. അതേസമയം മണ്ഡലകാലത്തിന് മുന്‍പ് വിധിയില്‍ വ്യക്തത വരുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞെങ്കിലും അത്രയും തിടുക്കത്തില്‍ പരിഹരിക്കേണ്ട വിഷയം വിധിയില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. വിധിയുടെ പേരില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ചില സംഘടനകളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ നിന്ന് കൊടുക്കേണ്ടെന്ന വികാരം സര്‍ക്കാര്‍ തലത്തിലുണ്ട്.
എന്തായാലും മണ്ഡല കാലത്ത് യുവതികള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണയില്‍ മല ചവിട്ടിക്കാനുള്ള ആലോചന സര്‍ക്കാര്‍ തലത്തിലില്ല. ഇന്നലെ എ.കെ ബാലന്‍ വ്യക്തമാക്കിയതും ഇതായിരുന്നു. നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് യുവതികളെ തിരിച്ചയക്കാനാണ് സാധ്യത.