സാമ്പത്തിക സംവരണത്തിന്റെ മറവില്‍ 14 സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ വന്‍ തോതില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ പേരില്‍ 25 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വര്‍ധന ആവശ്യപ്പെട്ട് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ നല്‍കണമെന്ന് സ്വാശ്രയ കോളജുകള്‍ക്ക് സര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശം നല്‍കി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകരാമില്ലാത്ത കോളജുകളിലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും 25 ശതമാനം സീറ്റ് വര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ 25 ശതമാനം വരെ സീറ്റ് വര്‍ധിപ്പിക്കാമെന്ന് എം.സി.ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുപയോഗപ്പെടുത്തിയാണ് വന്‍ തോതില്‍ സീറ്റ് വര്‍ധനക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെയോ ആരോഗ്യ സര്‍വകലാശാലയുടേയോ അംഗീകാരമില്ലാത്ത രണ്ട് കോളേജുകളിലും സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.
വര്‍ധനക്ക് അനുമതി നല്‍കിയ പാലക്കാട് ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ്, തിരുവനന്തപുരം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് പ്രവേശനം തടഞ്ഞ കോളജുകളാണ്. സീറ്റ് വര്‍ധിപ്പിക്കുകയും സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്താല്‍ ഫീസ് ഘടനയടക്കമുള്ള കാര്യത്തിലും അവ്യക്തതയുണ്ട്.
ന്യൂനപക്ഷ പദവിയുള്ള മുസ്‌ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകളെ ഒഴിവാക്കിയാണ് സീറ്റ് വര്‍ധനക്ക് ആദ്യ ഉത്തരവ് ഇറങ്ങിയത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തി മുഴുവന്‍ കോളജുകള്‍ക്കും സീറ്റ് വര്‍ധനക്ക് അപേക്ഷിക്കാന്‍ അനുമതി നല്‍കിയത്.