സിനിമ മേഖലയില്‍ സമഗ്ര നിയമനിര്‍മാണത്തിനൊരുങ്ങി സര്‍ക്കാര്‍. സിനിമ നിര്‍മാണം മുതല്‍ വിതരണം വരെയുള്ള ഘട്ടങ്ങളില്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകുന്ന തരത്തിലായിരിക്കും നിയമം. നിര്‍മാതാക്കളുടെ പ്രതിനിധികളും മന്ത്രി എ.കെ ബാലനും പങ്കെടുക്കുന്ന ഇന്നത്തെ യോഗത്തില്‍ ഷെയിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചര്‍ച്ചയാവും.
സിനിമ മേഖലയിലെ നിയമനിര്‍മാണത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ട്. പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നിയമനിര്‍മാണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ആലോചന. ചൂഷണങ്ങള്‍ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകും. നിയമം വരുന്നതോടെ സിനിമയുടെ രജിസ്ട്രേഷന്‍, പബ്ലിസിറ്റി, ടൈറ്റില്‍, വിതരണം തുടങ്ങിയവ സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ വരും. മേഖലയിലെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കാന്‍ റഗുലേറ്ററി കമ്മിറ്റിയുണ്ടാകും. ഗുരുതര വീഴ്ചകളും കരാര്‍ ലംഘനങ്ങളും ക്രിമിനല്‍ കുറ്റമായി കണ്ട് ശിക്ഷിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. സിനിമാ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രശ്‌നങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. വിനോദ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് നിര്‍മാതാക്കളുമായി മന്ത്രി എ.കെ.ബാലനും തോമസ് ഐസക്കും ഇന്ന് ചർച്ച നിശ്ചയിച്ചിരുന്നത്. വിനോദ നികുതി വന്നതോടെ സർക്കാരിന്റെ 17 തിയേറ്ററുകൾക്ക് റിലീസ് സിനിമകൾ ലഭിക്കുന്നില്ല. ഈ പ്രതിസന്ധി ചർച്ച ചെയ്യാനാണ് യോഗമെങ്കിലും ഷൈൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. നിര്‍ണായക തീരുമാനങ്ങളുമുണ്ടായേക്കും.