Kerala

കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഐഎം ഗുണ്ടാ ആക്രമണം: കെ സി വേണുഗോപാൽ

കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സി.പി.എം ഗുണ്ടാ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സി.പി.ഐ.എമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തിനിടെ കോൺഗ്രസ് ഓഫീസുകൾക്കു നേരെയും പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പൊലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. മുവാറ്റുപുഴയിൽ മാത്യു കുഴൽ നാടന് നേരെയും, കായംകുളത്തു യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അരിത ബാബുവിനെതിരെയും പൊലീസ് ഒത്താശയോടെ സി.പി.ഐ.എം പ്രവർത്തകരും, പൊലീസും അക്രമമഴിച്ചു വിടുകയുണ്ടായി.

സി.പി.ഐ.എമ്മിൻ്റെ മുതിർന്ന നേതാക്കൾ വരെ കെ.പി.സി.സി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനും, സാമൂഹ്യമാധ്യമങ്ങൾ വഴി കരിവരിതേക്കാനും മത്സരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് നോക്കി നിൽക്കില്ലെന്നും, പാർട്ടി ഒറ്റക്കെട്ടായി സുധാകരന് പിന്തുണ നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.